Friday 8 July 2011

ഇല പൊഴിയുമ്പോള്‍

ല പൊഴിയുമ്പോൾ നാ‍ം എന്താണു ചിന്തിക്കുക? വിസ്മൃതിയിലേക്ക് മറയുന്ന ഇലകളെക്കുറിച്ചോ അതോ കൊതിയോടെ പുറത്തേക്കു വരാൻ വെമ്പുന്ന തളിരിനെക്കുറിച്ചോ? ജീവന്റെ തുടിപ്പു തന്നെയാ‍ണു രണ്ടിലും. ഒന്നിൽ ജീവന്റെ ദുർബലശേഷിപ്പുകൾ നിശ്വാസമായി പിടയുമ്പൊൾ മറ്റൊന്നിൽ ജീവന്റെ പിറവി ഉദയസൂര്യനെപ്പോൽ തഴുകുന്നു. കൊഴിയുന്ന ഇലകൾക്ക് കാറ്റിനോടാണിഷ്ടം. കാറ്റ് നിലക്കുന്നില്ല. അതൊഴുകുകയാണ്. മലകളിൽ തട്ടി, പുഴകൾക്കു മേലേ, ഓരോ പൂവിനെയും പുല്ലിനെയും പുണർന്നു നീളുന്ന യാത്ര. ഇടക്കെവിടെയോ ആ ഒരു തലോടലിനായി മാത്രം കാത്തു നിന്നവർ കാണില്ലേ? അവരെ കാറ്റ് അറിയാതെ പോകുമോ? കടന്നുപോവുമ്പോൾ കൊഴിയുന്ന ഇലകളുടെ പിൻ വിളിയും കേൾക്കാതെ പോകുമോ?